ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് ഹീറോ യുവരാജ് സിംഗിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. താരത്തിന്റെ പോരാട്ടവും അതിജീവനവും നേട്ടങ്ങളും സിനിമയാക്കുന്നത് പ്രമുഖ നിർമാതാവ് ഭൂഷൺ കുമാറാണ്. ഇവർക്കൊപ്പം രവി ഭാഗ്ചന്ദ്ക സഹനിർമാതാകും. സച്ചിന്റെ ബയോപിക്കായ Sachin: A Billion Dreams എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു രവി.
യുവിയുടെ ജീവിതത്തിലും കരിയറിലുണ്ടായ എല്ലാ സംഭവവികാസങ്ങളും ചിത്രത്തിലുണ്ടാകും. അതേസമയം ആരാകും ലീഡ് റോളിൽ എത്തുന്നതെന്ന കാര്യം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. ഭൂഷൺ കുമാറാണ് താരത്തിന്റെ ജീവിതം സിനിമയാക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഒരു ക്രിക്കറ്ററിൽ നിന്ന് ക്രിക്കറ്റ് ഹീറോയിലേക്കുള്ള യുവരാജിന്റെ യാത്ര, ജീവിതത്തിലും ഹീറോയായ താരം. ഏറെ പ്രചോദനം നൽകുന്ന കഥ സിനിമയാകുന്നുവെന്ന് ഭൂഷൺകുമാർ കുറിച്ചു.
ഭൂഷൺ ജിയും രവിയും ചേർന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് മുന്നിൽ എന്റെ കഥ സിനിമയാക്കുന്നതിൽ ഞാൻ ഏറെ അഭിമാനിക്കുന്നതായി യുവരാജ് പറഞ്ഞു. എല്ലാ ഉയർച്ചയിലും താഴ്ചയിലും ക്രിക്കറ്റാണ് എനിക്ക് ശക്തിയും സ്നേഹവും സമ്മാനിച്ചത്. ഈ സിനിമ യുവതലമുറയെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുവരാജ് പറഞ്ഞു.















