ചുരുക്കും ചില വേഷങ്ങൾ ചെയ്ത് മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായാണ് നിഖില അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇടയ്‌ക്ക് മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത താരം തമിഴ് സിനിമാ മേഖലയിൽ സജീവമായിരുന്നു. ചിത്രങ്ങളിൽ അത്ര പ്രാധാന്യമില്ലാത്ത ഗസ്റ്റ് റോളിനെ കുറിച്ച് തുറന്നു പറയുകയാണ് നിഖില. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
”ഗസ്റ്റ് റോളുകളിൽ എന്തിനാണ് അഭിനയിക്കുന്നതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്. ചില സിനിമകളിൽ എനിക്ക് ഒരു പ്രാധാന്യവും ഉണ്ടാകാറില്ല. എന്നാലും അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് വളരെ താത്പര്യമാണ്. അടുത്തിടെ ഞാൻ അഭിനയിച്ച ചിത്രങ്ങളൊക്കെ ഏറെ പരിചയമുള്ള ആളുകളോടൊപ്പമാണ് ചെയ്തിരുന്നത്. ഗസ്റ്റ് റോൾ ചെയ്യുമ്പോൾ എന്തിനാണ് അത് ചെയ്തത് ഇത് ചെയ്തത് എന്നൊക്കെ ചിലർ എന്നോട് ചോദിക്കും. എന്നെ ഗസ്റ്റ് റോളിനാണ് വിളിച്ചത്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യുന്നു”.
വലിയ കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് ഭാഗ്യമാണ്. അവരുടെ കൂടെ ഗസ്റ്റ് റോൾ ചെയ്യാൻ കിട്ടുന്ന അവസരം ഒരിക്കലും താൻ പാഴാക്കില്ല. സന്തോഷമായിരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. അഭിനയിക്കുമ്പോൾ ആ കഥാപാത്രം എന്ത് ചെയ്യണം, എന്ത് ചെയ്യാൻ പാടില്ല എന്നുള്ളത് നന്നായി പഠിച്ച ശേഷമാണ് അഭിനയിക്കുന്നതെന്നും നിഖില വിമൽ പറഞ്ഞു.