തിരുവനന്തപുരം: ഗുരുതരമായ പരാമർശങ്ങൾ ഉണ്ടായിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാൾ പുറത്തുവിടാതിരുന്നതിന് സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് 4 വർഷത്തോളം പൂഴ്ത്തി വച്ചതിന് സംസ്ഥാന സർക്കാർ പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ അവസാനത്തെ ഉദാഹരണമാണിത്. സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കുന്നതിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സ്ത്രീ സൗഹൃദ സിനിമാ സെറ്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ശുചി മുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും സിനിമാ സെറ്റുകളിൽ സ്ത്രീകൾക്കൊരുക്കി കൊടുക്കണം. സ്ത്രീകളെ വേട്ടയാടിയവർക്കൊപ്പം നിലകൊണ്ട നിലപാട് തിരുത്താൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഇരകളുടെ പേരുവിവരങ്ങൾ മറച്ചുവയ്ക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ അതിക്രമം നടത്തിയവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് അന്തസായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.















