സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവർ കൂടുതലായും സമയം ചെലവഴിക്കുന്നത് കണ്ണെഴുതുന്നതിലായിരിക്കും. മികച്ച രീതിയിൽ കണ്ണെഴുതുന്നത് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനും മുഖത്ത് ആത്മവിശ്വാസം തോന്നിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. സ്‌മോക്കി ഐ, ഡബിൾ ട്രബിൾ, ക്ലാസിക് തുടങ്ങി വ്യത്യസ്ത രീതികളിൽ നാം കണ്ണെഴുതാറുണ്ട്. കൂടുതലായും കെമിക്കൽ അടങ്ങിയ കാജലുകളായിരിക്കും കണ്ണെഴുതുന്നതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം വസ്തുക്കൾ ഉപയോഗിച്ച് കണ്ണെഴുതുന്നത് കാഴ്ച ശക്തി കുറയ്‌ക്കുന്നതിന് കാരണമാകുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
കണ്ണിന് കുളിർമ നൽകുന്നതിനായാണ് പഴമക്കാർ പ്രകൃതിദത്ത വസ്തുക്കൾ പൊടിച്ച് കണ്ണെഴുതിയിരുന്നതെങ്കിൽ ഇന്ന് സ്റ്റൈലിനായാണ് കണ്ണെഴുതുന്നത്. എന്നാൽ ഇന്ന് വിപണികളിൽ കിട്ടുന്ന കാജലുകളിൽ ( കോൾ) പ്രകൃതിദത്ത വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം കൺമഷികളിൽ ലെഡ് എന്ന രാസവസ്തുവാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇതുപയോഗിച്ച് സ്ഥിരമായി കണ്ണെഴുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.
കണ്ണ് ചൊറിച്ചിൽ, വേദന പോലുള്ള അസ്വസ്ഥതകളായിരിക്കും തുടക്കത്തിൽ അനുഭവപ്പെടുക. എന്നാൽ പിന്നീട് കണ്ണുകളിലേക്കുള്ള രക്തയോട്ടത്തെ വരെ തടസപ്പെടുത്തുന്ന വിധത്തിലേക്കെത്തുമെന്നും നാഡീവ്യൂഹം തകരാറിലാക്കാൻ ഇതുവഴിവയ്‌ക്കുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.















