കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ ജനങ്ങൾക്ക് പരാതി അറിയിക്കാൻ കൺട്രോൾ റൂ തുറന്ന് ഗവർണർ സി വി ആനന്ദ ബോസ്. എക്സിലൂടെ ഗവർണർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏത് പ്രശ്നങ്ങൾ നേരിടുന്നവർക്കും കൺട്രോൾ റൂമിലൂടെ നേരിട്ട് പരാതികൾ അറിയിക്കാമെന്നും ഗവർണർ വ്യക്തമാക്കി.
കൺട്രോൾ റൂമിൽ നിന്നും മരിച്ച വനിത ഡോക്ടറുടെ പിതാവിനെയാണ് ഗവർണർ ആദ്യം വിളിച്ചത്. കേസുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഗവർണർ അദ്ദേഹത്തിന് ഉറപ്പ് നൽകി. ഗവർണർ യുവതിയുടെ പിതാവുമായി സംസാരിക്കുന്നതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഗവർണർ ആഞ്ഞടിച്ചു. സമൂഹമല്ല, സർക്കാരാണ് സ്ത്രീകളെ തോൽപ്പിച്ചത്. ആർ ജി കാർ ആശുപത്രിയിലുണ്ടായത് പോലെ ഒരു സംഭവം ഇനി ഒരിക്കലും സംസ്ഥാനത്ത് ആവർത്തിക്കരുതെന്നും ഗവർണർ പറഞ്ഞു.
ആശുപത്രി പരിസരത്ത് പ്രതിഷേധവും അക്രമങ്ങളും നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി 10 അംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചു. സ്വമേധയാ കേസ് ഏറ്റെടുത്ത സുപ്രീം കോടതി മൂന്നാഴ്ചയ്‌ക്കുള്ളിൽ ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.