ആലപ്പുഴ: വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്കൊപ്പം ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ. ആലപ്പുഴ എആർ ക്യാമ്പ് എഎസ്‌ഐ ശ്രീനിവാസനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാർച്ചിൽ ലഭിച്ച പരാതിയിലാണ് പൊലീസ് ഇപ്പോൾ നടപടിയെടുത്തത്.
11 വർഷം മുമ്പ് നടന്ന കൊലപാതക ശ്രമത്തിലെ മൂന്നാം പ്രതിയായ ഉണ്ണി ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എഎസ്‌ഐയായ ശ്രീനിവാസൻ ഉല്ലാസയാത്ര നടത്തുകയും ആഘോഷപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ എഎസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എഎസ്‌ഐക്കെതിരെ നടപടിയെടുത്തത്.