പത്തനംതിട്ട: തോമസ് ഐസക്കിനെതിരെ ഫെസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. അൻസാരി അസീസിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത്. തോമസ് ഐസക്കിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പോസ്റ്റിട്ടതാണ് വിവാദമായത്.
മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ രാജു ഏബ്രഹാമിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്റിനാണ് ‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന അടിക്കുറിപ്പ് അൻസാരി പങ്കുവച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയിൽ തോമസ് ഐസക്കിനെ പരിഹസിക്കുന്ന വിധത്തിലാണ് പോസ്റ്റെന്ന വാദങ്ങൾ ഉയർന്നതോടെ അൻസാരി പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
സംഭവത്തിൽ അൻസാരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ഇതോടെ ഏരിയാ കമ്മിറ്റി അംഗത്തിൽ നിന്നും ലോക്കൽ കമ്മിറ്റി അംഗത്തിലേക്ക് തരംതാഴ്‌ത്തുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്നും 3,01504 വോട്ടുകൾ തോമസ് ഐസക് നേടിയെങ്കിലും തോൽവി ഏറ്റുവാങ്ങി.















