തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയുടെ ഫോട്ടോയെടുത്തത് വിദ്യാർത്ഥിയായ ബബിത. കരയുന്നത് കണ്ടാണ് ഫോട്ടെയെടുത്തതെന്ന് ബബിത പറഞ്ഞു. കരയുന്നുണ്ടെങ്കിലും ധൈര്യത്തോടെയാണ് കുട്ടി ഇരുന്നതെന്നും യാത്രക്കാരി പറഞ്ഞത്. ഫോട്ടോയെടുക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ കുട്ടി കരച്ചിൽ നിർത്തി. ദേഷ്യപ്പെട്ടിരിക്കുന്നത് പോലെ തോന്നിയതിനാൽ കുട്ടിയുമായി സംസാരിക്കാൻ ശ്രമിച്ചില്ലെന്നും ബബിത കൂട്ടിച്ചേർത്തു.
സ്ഥിരം വന്നുപോകുന്ന കുട്ടിയെ പോലെയാണ് തോന്നിയത്. എന്നാൽ വസ്ത്രധാരണവും പൊടിപ്പിടിച്ച ബാഗും സംശയം ജനിപ്പിച്ചെന്ന് ബബിത പറഞ്ഞു. ബബിതയ്‌ക്കൊപ്പമുള്ള കുട്ടിയാണ് തസ്മിത് തംസുമി തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞതെന്നും ബബിത കൂട്ടിച്ചേർത്തു. പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടിൽ ശക്തിമായ കാറ്റ് വീശുന്നതിനാലാണ് ബബിത പുലർച്ചെ എഴുന്നേറ്റത്. പിന്നാലെ യൂട്യൂബിൽ വാർത്ത കാണുമ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നതെന്നും പിന്നാലെ സംശയം തോന്നി. ഉടൻ തന്നെ സ്ക്രീനിൽ കണ്ട നമ്പറിൽ ബബിത ബന്ധപ്പെടുകയായിരുന്നു. മെഡിക്കൽ കോഡിംഗ് വിദ്യാർത്ഥിയാണ് ബബിത.
കുട്ടിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് വിവരം ലഭിക്കുന്നത്. കുട്ടി തമിഴ്നാട്ടിലേക്ക് പോയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്‌ക്ക് ഒരു മണിക്ക് ബാംഗ്ലൂർ-കന്യാകുമാരി ട്രെയിനിൽ കയറിയതായാണ് ബബിത അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം 3.30-ന് ട്രെയിൻ കന്യാകുമാരിയിലെത്തി. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സഹോദരിയുമായി വഴക്കുണ്ടാക്കിയ കുട്ടിയെ അമ്മ തിരിച്ചെത്തി ശകാരിച്ചു. ഇതിൽ മനം നൊന്താണ് വീട് വിട്ടു പോയതെന്നാണ് വിവരം.
കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ACP സൈബർ സിറ്റി: 9497960113, കഴക്കൂട്ടം എസ്ഐ: 9497980111 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.















