ന്യൂഡൽഹി: ആഗോള ഭക്ഷ്യോത്പാദന മേഖലയിലെ പ്രധാനിയായി ഭാരതം മാറുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക മേഖല ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും രാജ്യത്തിനും പുറത്തും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. കാർഷിക സാങ്കേതിക വിദ്യകൾ നവീകരിക്കാനും വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കാനും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിടി ഇന്ത്യ@100 പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കൃഷിമന്ത്രി.
കാർഷിക കയറ്റുമതി വിപുലീകരിക്കാൻ ഇന്ത്യ വിവിധ രാജ്യങ്ങളുമായി പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ജൈവകൃഷി, കാര്യക്ഷമമായ ജല ഉപയോഗം തുടങ്ങിയ രീതികൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ വരവോടെ സംരംഭകത്വ കുതിപ്പിനും രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.