കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ബംഗാളിൽ മമതസർക്കാരിന്റെ ഭരണം എങ്ങനെയെന്ന് തുറന്നുകാട്ടുന്നതായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” സുപ്രീം കോടതിയുടെ പരമാർശങ്ങൾ മമത സർക്കാരിന്റെ ഭരണത്തിലെ വീഴ്ചകൾ തുറന്നുകാട്ടുന്നതാണ്. സർക്കാർ ആശുപത്രികളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംഭവം കൈകാര്യം ചെയ്യുന്നതിൽ മമത സർക്കാരിന് വീഴ്ച സംഭവിച്ചതായും കോടതി കണ്ടെത്തിയിരുന്നു. സുപ്രീം കോടതിയുടെ എല്ലാ നിരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്നു.”- ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
കൊലപാതകം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. ഇതിനുപുറമെ യുവതിയുടെ പേരും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം കേസ് കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വന്ന വീഴ്ചയാണെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും മമത സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതേസമയം ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സംരക്ഷണം ഏറ്റെടുക്കാൻ സുപ്രീം കോടതി സിഐഎസ്എഫിന് നിർദേശം നൽകി.















