മുംബൈ: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഐ.സി.സിയുടെ തലവനാകുമെന്ന് റിപ്പോർട്ട്. പ്രഖ്യാപനം ഉടനെയുണ്ടാകും. ഏഷ്യൽ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. എതിരില്ലാതെയാകും ജയ്ഷാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുക.
ന്യൂസിലൻഡ് കാരനായ നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പ്പര്യമില്ലെന്ന് അറിയിച്ചിരുന്നു. നവംബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഐസിസിയുടെ തലവനായാൽ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥനവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും രാജിവയ്‌ക്കും. ഷായ്‌ക്ക് ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്.
ജയ് ഷായ്‌ക്ക് ഇംഗ്ലണ്ട് ഓസ്ട്രേലിയൻ ബോർഡുകളുടെ പിന്തുണയുണ്ട്. ജയ്ഷാ ചെയർമാനായാൽ ഐസിസിയുടെ തലപ്പത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യനാകും അദ്ദേഹം. ജഗ് മോഹൻ ഡാൽമിയയും ശരത് പവാറുമാണ് നേരത്തെ ഐസിസി ചെയർമാൻ പദവിയിലെത്തിയ ഇന്ത്യക്കാർ. ഗ്രെഗ് ബാർക്ലേ 2020 നവംബറിലാണ് ഐസിസിയുടെ ചെർമാനാകുന്നത്. 2022-ലും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.
ഓഗസ്റ്റ് 27-നകം നാമനിർദ്ദേശങ്ങൾ സമർപ്പിക്കണം ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഡിസംബർ 1-ന് ഒരു തിരഞ്ഞെടുപ്പ് നടത്തും. ഐസിസി നിയമങ്ങൾ അനുസരിച്ച്, ചെയർമാന്റെ തിരഞ്ഞെടുപ്പിൽ 16 വോട്ടുകളാണ് രേഖപ്പെടുത്താനാവുക. 9 വോട്ടുകൾ നേടിയാൽ കേവല ഭൂരിപക്ഷത്തോടെ (51%) വിജയിയാകാം. നേരത്തെ, ചെയർമാനാകാൻ നിലവിലുള്ളയാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു.