ബാങ്കോക്ക്: തായ്ലാൻഡിലും എംപോക്സ് (Mpox) സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ആഫ്രിക്കയിൽ നിന്നെത്തിയ യൂറോപ്യൻ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. ഏതുവകഭേദമാണ് പിടിപെട്ടിരിക്കുന്നത് എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ആരംഭിച്ചതായി തായ്ലാൻഡ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആഫ്രിക്കൻ രാജ്യത്ത് നിന്ന് ഓഗസ്റ്റ് 14നാണ് രോഗലക്ഷണങ്ങളോടെ 66-കാരൻ തായ്ലാൻഡിലെത്തിയത്. എംപോക്സിന്റെ Clade 1 വകഭേദത്തിനുള്ള ചികിത്സയാണ് ഇപ്പോൾ രോഗിക്ക് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയ 43 പേരെ ഐസോലേറ്റ് ചെയ്ത് നിരീക്ഷിക്കുന്നുണ്ട്.
2022 മുതലുള്ള കണക്കുപ്രകാരം തായ്ലാൻഡിൽ 800 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. Clade 2 വകഭേദമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. Clade 1, Clade 1b വകഭേദങ്ങൾ തായ്ലാൻഡിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും മാരകമായ എംപോക്സ് വകഭേദം Clade 1b ആണ്. ഇതിനോടകം ആറ് രാജ്യങ്ങളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 500 പേരുടെ ജീവൻ അപഹരിച്ച Clade 1b വകഭേദത്തിന് അതിരൂക്ഷമായ വ്യാപനശേഷിയാണുള്ളത്. പാകിസ്താൻ, സ്വീഡൻ, കെനിയ, റുവാൻഡ, ഉഗാണ്ട, ബുറുണ്ടി എന്നിവിടങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിരുന്നു.