യുവതാരങ്ങളെ അണിനിരത്തി ആനന്ദ് മേനോൻ സംവിധാനം ചെയ്ത ചിത്രം വാഴ ബോക്സോഫീസിൽ വൻ ഹിറ്റ്. വിപിൻ ദാസാണ് വാഴയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഹിറ്റായി മാറിയിരിക്കുകയാണ് വാഴ. ഇപ്പോഴിതാ സർപ്രൈസ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആനന്ദ് മേനോൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിപിൻ ദാസ് തന്നെ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സവിൻ എസാണ് സംവിധാനം ചെയ്യുന്നത്. ആഗോളതലത്തിൽ 12 കോടിയാണ് വാഴ നേടിയിരിക്കുന്നത്. യുവാക്കളുടെ കഥ പറയുന്ന വളരെ രസകരമായ സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ സിജു സണ്ണി, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവർ തകർത്ത് അഭിനയിച്ച വാഴ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ചിത്രമാണിതെന്നാണ് സിനിമാസ്വാദകർ പങ്കുവക്കുന്നത്. നോബി മാർക്കോസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.















