മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ഓഗസ്റ്റ് 23-ന് സിനിമ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റിൽ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
18+ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ചിത്രം കൂടിയാണ് ഫൂട്ടേജ്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ. സിനിമ തീയേറ്ററുകളിൽ എത്തുന്നതിനു മുൻപായി തന്റെ കുടുംബ പ്രേക്ഷകർക്ക് സന്ദേശവുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. 18 വയസ്സിന് മുകളിലുള്ളവർക്ക് കാണാൻ വേണ്ടിയിട്ടുള്ള സിനിമയാണ് ഫൂട്ടേജ് എന്നും അത് ശ്രദ്ധിച്ചുവേണം തിയേറ്ററിൽ എത്താനെന്നും മഞ്ജു വാര്യർ അറിയിക്കുന്നു.
“എന്റെ സിനിമ സാധാരണയായി തീയേറ്ററിൽ വന്നു കാണുന്ന പ്രേക്ഷകരിൽ ഭൂരിഭാഗവും കുടുംബങ്ങളാണ്. രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളാണ് എന്റെ സിനിമകൾ കാണുന്നത്. ഈ സിനിമയ്‌ക്ക് അതിന്റെ സ്വഭാവത്തിൽ നിന്ന് വ്യത്യാസമുണ്ട്. ഇത് 18 വയസ്സിന് മുകളിലുള്ള ആൾക്കാരെ ഉദ്ദേശിച്ചു കൊണ്ടുള്ള സിനിമയാണ്. തിയേറ്ററിൽ വന്നു കാണുമ്പോൾ ഈയൊരു സന്ദേശം മനസ്സിൽ വച്ചുകൊണ്ട് മാത്രം കണ്ട് പ്രതികരിക്കുക. ഇത് തിയേറ്ററിൽ വന്നു തന്നെ ആസ്വദിക്കണം”-മഞ്ജു വാര്യർ പറഞ്ഞു.















