തിരുവനന്തപുരം: ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 2024 പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് അതത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തുടർച്ചയായി രണ്ടാം തവണയും ഹോക്കിയിൽ മെഡൽ നേടിയെത്തിയ പി.ആർ ശ്രീജേഷിന് കേരളത്തിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്. വലിയ ചടങ്ങ് സംഘടിപ്പിച്ച് ശ്രീജേഷിനെ ആദരിക്കാനാണ് സർക്കാർ നീക്കം. ഹോക്കി ടീമിലെ മറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
ഇത്തവണത്തെ ഒളിമ്പിക്സിൽ സ്പെയിനെതിരെ ആയിരുന്നു ഇന്ത്യൻ ഹോക്കി താരങ്ങളുടെ നേട്ടം. ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നതിനാൽ അവസാന മത്സരമായിരുന്നു അത്. വെങ്കല മെഡൽ നേട്ടത്തോടെ പടിയിറങ്ങാൻ സാധിച്ചതിൽ അത്യധികം സന്തോഷവാനാണെന്ന് ശ്രീജേഷ് പ്രതികരിച്ചിരുന്നു. ടൂർണമെന്റിലുടനീളം ശ്രീജേഷ് കാഴ്ചവച്ച പ്രകടനമായിരുന്നു ടീമിനെ വീണ്ടും മെഡൽ നേട്ടത്തിലേക്ക് നയിച്ചത്.















