തൃശൂർ: കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമായ കഥകളിയെ ആസ്പദമാക്കി മോഡലിംഗ് നടത്തിയതിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ പ്രതിഷേധവുമായി കേരള കലാമണ്ഡലം (Kerala Kalamandalam). കലാരൂപത്തെ മോശമായി ചിത്രീകരിച്ചുവെന്ന് കലാമണ്ഡലം പ്രതിനിധികൾ വിമർശിച്ചു. മഹത്തായ കഥകളി പാരമ്പര്യത്തെ മോശമാക്കി ചിത്രീകരിച്ചവർക്കെതിരെ നടപടി വേണമെന്നാണ് കലാമണ്ഡലം അധികൃതരുടെ ആവശ്യം.

കഥകളി പ്രമേയമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടിൽ ആധുനിക വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. അർധ നഗ്നരായ സ്ത്രീകൾ കഥകളി കിരീടം ധരിച്ച് നിൽക്കുന്ന മോഡലിംഗ് ചിത്രങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള കഥകളി കലാകാരൻമാരും കഥകളിയാസ്വാദകരും ചിത്രങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസിന്റെ സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് കലാമണ്ഡലം പ്രതിനിധികൾ.















