തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസുമിനെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി പൊലീസ്. ബെംഗളൂരുവിൽ നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രയിൽ പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങി എന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പെൺകുട്ടി നാഗർകോവിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങുകയും കുപ്പിയിൽ വെള്ളം നിറച്ച ശേഷം തിരിച്ച് ട്രെയിനിലേക്ക് കയറുകയും ചെയ്‌തെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
ഇതേ ട്രെയിനിൽ തന്നെ തിരിച്ചു കയറിയതിനാൽ കന്യാകുമാരിയിൽ ഇറങ്ങിയിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതനുസരിച്ച് കന്യാകുമാരിയിൽ പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. എന്നാൽ നാഗർകോവിലെത്തിയ കുട്ടി തൊട്ടപ്പുറത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന അസമിലേക്കുള്ള വിവേക് എക്‌സ്പ്രസിൽ കയറിട്ടുണ്ടാകുമെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ട്രെയിനിന്റെ മറുവശത്തിലൂടെ ഇറങ്ങി അസമിലേക്കുള്ള ട്രെയിനിൽ കയറാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ ട്രെയിൻ വിജയവാഡയിൽ എത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും തെരതച്ചിൽ നടത്തും.
കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാലാണ് കന്യാകുമാരിയിൽ നിന്നും അസമിലേക്ക് പോകുന്ന ട്രെയിനിൽ പെൺകുട്ടി കയറിയിരിക്കാമെന്ന സംശയം ഉയരുന്നത്. 13കാരിക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 9:30 ഓടെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. അമ്മ വഴക്ക് പറഞ്ഞിന്റെ മനോവിഷമത്തിലായിരുന്നു വീട് വിട്ടത്. ബെംഗളൂരുവിൽ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രം പൊലീസിന് ലഭിച്ചതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കിയത്.















