വാഴ്സോ: പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വാഴ്സോയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വ്ലാഡിസ്ലോ ടിയോഫിൽ ബാർട്ടോസെവ്സ്കി സ്വാഗതം ചെയ്തു.
Właśnie wylądowałem w Polsce. Z niecierpliwością wyczekuję kolejnych punktów agendy. Wizyta ta nada rozpędu relacjom indyjsko-polskim i przyniesie korzyści naszym obu narodom. pic.twitter.com/6ewIUel50w
— Narendra Modi (@narendramodi) August 21, 2024
പോളിഷ് പ്രസിഡന്റ് ആൻഡ്രേയ് സെബാസ്റ്റ്യൻ ദൂഡയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്ന പ്രധാനമന്ത്രി മോദി, പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും കൂടിക്കാഴ്ച നടത്തും. ജാം സാഹേബ് സ്മാരകത്തിലെത്തി മോദി പുഷ്പചക്രം സമർപ്പിക്കുകയും രാജ്യത്തെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.
45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നതെന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. അവസാനമായി മൊറാർജി ദേശായി ആയിരുന്നു പോളണ്ടിലേക്ക് സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. അദ്ദേഹം 1979-ലായിരുന്നു പോളണ്ട് സന്ദർശിച്ചത്.
പോളണ്ടുമായുള്ള നയതന്ത്രബന്ധം 70 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് നരേന്ദ്രമോദി പോളണ്ടിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം അദ്ദേഹം യുക്രെയ്നിലേക്ക് തിരിക്കും. പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി യുക്രെയ്നിലെത്തുന്നത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിലേക്ക് പോകുന്നതും ആദ്യമാണ്.















