ഒരു യൂട്യൂബ് ചാനൽ തുടങ്ങി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ പാടുപെടുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ്, 10 ലക്ഷം സബ്സ്ക്രൈബേഴ്സ്, 50 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നിങ്ങനെ ഓരോ നാഴികക്കല്ലായാണ് ഈ നേട്ടം ഓരോ യൂട്യൂബേഴ്സും സ്വന്തമാക്കുക. എന്നാൽ ചാനൽ തുടങ്ങി, ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് ഒന്നര മണിക്കൂറിനുള്ളിൽ തന്നെഗോൾഡൻ ബട്ടൺ സ്വന്തമാക്കാനുള്ള 1 മില്യൺ സബ്സ്ക്രൈബേഴ്സ് നേടിയിരിക്കുകയാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
UR · Cristiano എന്ന യൂട്യൂബ് ചാനലിൽ ബുധനാഴ്ച വൈകിട്ട് ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് ആകുമ്പോഴേക്കും 3 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയിരുന്നു. അനുനിമിഷം പതിനായിരക്കണക്കിന് പേരായിരുന്നു അദ്ദേഹത്തിന്റെ ചാനൽ തുടങ്ങിയ വിവരമറിഞ്ഞ് സബ്സ്ക്രൈബ് ചെയ്യാൻ ഓടിയെത്തിയത്. ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 5 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയി. രണ്ട് മണിക്കൂർ ആകുന്നതിന് മുൻപ് തന്നെ ഒരു മില്യണും അടിക്കുകയായിരുന്നു.
അതിവേഗം 1 മില്യൺ നേടിയ യൂട്യൂബ് ചാനലെന്ന നേട്ടം സൗത്ത് കൊറിയൻ ഗായികയായ ജെന്നി റൂബി ജെയിനായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഏഴ് മണിക്കൂറിനുള്ളിലായിരുന്നു ജെന്നിയുടെ ചാനൽ ഈ നേട്ടം കൊയ്തത്. എന്നാൽ റെക്കോർഡിനെ ഭേദിച്ച ക്രിസ്റ്റ്യാനോയുടെ ചാനൽ വെറും ഒന്നര മണിക്കൂറിൽ ചരിത്രം തിരുത്തി.















