തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയർ പുറത്തിറക്കിയിട്ടുണ്ടെന്നും അത് പ്രകാരം ഐസൊലേഷൻ, സാമ്പിൾ കളക്ഷൻ, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് എംപോക്സ്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന് വളരെയധികം സാമ്യമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പകരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പനി, തലവേദന, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്സിന്റെ പ്രധാന രോഗലക്ഷണങ്ങൾ.















