ന്യൂഡൽഹി: ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ ആയിരുന്ന പൈലറ്റ് ബാബ സമാധിയായി. 86 വയസായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യോമസേനയുടെ വിംഗ് കമാൻഡർ ആയിരുന്ന കപിൽ സിംഗ് ആണ് പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ് പൈലറ്റ് ബാബ എന്ന പേരിൽ അറിയപ്പെട്ടത്.
1965 ലും 1971 ലും പാകിസ്താനെതിരെ നടന്ന യുദ്ധങ്ങളിൽ വ്യോമസേനയ്‌ക്ക് വേണ്ടി പങ്കെടുത്തിട്ടുണ്ട്. സൈനിക ജീവിതത്തിന്റെ ഇടക്കാലത്ത് നേരിട്ട ആത്മസംഘർഷങ്ങളാണ് കപിൽ സിംഗിനെ ആത്മീയതയുടെ വഴിയിലേക്ക് തിരിച്ചുവിട്ടത്. ഹിമാലയ സാനുക്കളിൽ ഏഴ് വർഷം ആത്മീയതയുടെ വെളിച്ചം തേടി സഞ്ചരിച്ചു. ഇതിനൊടുവിലാണ് സന്യാസജീവിതം തിരഞ്ഞെടുത്തത്.
ഹിന്ദു പുരാണങ്ങളെക്കുറിച്ചുളള അറിവും അതേക്കുറിച്ചുളള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രഭാഷണങ്ങളിലൂടെ ജപ്പാൻ, യുഎസ് തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുപോലും അദ്ദേഹം അനുയായികളെ സൃഷ്ടിച്ചു.
അൺവീൽസ് മിസ്റ്ററി ഓഫ് ഹിമാലയ, ഡിസ്‌കവർ സീക്രട്ട് ഓഫ് ദ ഹിമാലയ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 16 വർഷം ഹിമാലയത്തിലെ തപസിനിടെ പുരാണത്തിലെ അശ്വത്ഥാമാവ് ഉൾപ്പെടെയുളള കഥാപാത്രങ്ങളുമായി തനിക്ക് സംവദിക്കാൻ കഴിഞ്ഞതായി ഈ പുസ്തകങ്ങളിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.















