ന്യൂഡൽഹി: എപികെ ഫയലുകൾ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ) വഴി നടത്തുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). വാട്സ് ആപ്പ് വഴിയും സന്ദേശങ്ങൾ വഴിയും ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ് ഫയൽ വിതരണം ചെയ്ത് സൈബർ തട്ടിപ്പ് നടത്തുന്ന സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഇത്തരം ലിങ്കുകളിൽ ക്ലിക്കുചെയ്യുമ്പോൾ, മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ഏറ്റെടുക്കാൻ കഴിയും. ഇത് ബാങ്കിംഗ് രഹസ്യ വിവരങ്ങൾ കൈക്കലാക്കുന്നതിനും ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാനും ഇടയാക്കുമെന്ന് ബാങ്ക് ഓർമ്മിപ്പിച്ചു.
സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്നുള്ള എപികെ ഫയലുകളിലോ ലിങ്കുകളിലോ ക്ലിക്കു ചെയ്യുന്നത് ഒഴിവാക്കാനും അത്തരം സൈബർ തട്ടിപ്പുകളിൽ നിന്ന് പരിരക്ഷിക്കുന്നതിന് ഈ മുൻകരുതൽ നടപടികൾ പാലിക്കാനും പിഎൻബി ഉപഭോക്താക്കളെ ശക്തമായി ഉപദേശിക്കുന്നു:
* സന്ദേശങ്ങൾ ഉടൻ അവഗണിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുക
* ഈ സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്
* ലിങ്കുകളിലൂടെയോ എപികെ ഫയലുകളിലൂടെയോ മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുക
* ആപ്പ് ഇൻസ്റ്റലേഷനുകൾക്കായി എല്ലായ്പ്പോഴും ആധികാരിക ഉറവിടങ്ങൾ മാത്രം ഉപയോഗിക്കുക.
* ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പറുകൾ, എക്സ്പയറി ഡേറ്റുകൾ, സിവിവി, പിൻ നമ്പറുകൾ, പാസ്വേഡുകൾ അല്ലെങ്കിൽ ഒടിപികൾ പോലുള്ള പേമെന്റ് വിവരങ്ങൾ പങ്കിടാതിരിക്കുക.
ഏത് സാഹചര്യത്തിലും ഈ വിശദാംശങ്ങൾ പങ്കിടാൻ ബാങ്ക് ഒരിക്കലും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നില്ലെന്ന് ഓർക്കുക.
സൈബർ തട്ടിപ്പ് നടന്നാൽ, സംശയാസ്പദമായ സന്ദേശങ്ങളും ആപ്പുകളും ലഭിച്ചാൽ ഉപഭോക്താക്കൾ ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് ഹെൽപ്പ്‌ലൈനുമായി 1930 എന്ന നമ്പറിൽ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വിലാസത്തിൽ പരാതി നൽകുകയോ ചെയ്യണം. കൂടാതെ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ 18001800, 18002021, 18001802222, 18001032222, അല്ലെങ്കിൽ 0120-2490000 എന്നീ ടോൾ ഫ്രീ നമ്പരുകളിൽ പരാതി നൽകാം.
ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട തട്ടിപ്പിന്, ഉപഭോക്താക്കൾക്ക് 18001802345 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.