ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇഹ്രാഹിമുമായി കൂടിക്കാഴ്ച നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ. ‘ബിജെപിയെ അറിയാൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി വക്താവ് വിജയ് ചൗതൈവാലെ പറഞ്ഞു.
മലേഷ്യൻ ഭരണകക്ഷിയും ബിജെപിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. ‘ബിജെപിയെ അറിയാൻ’ എന്ന പദ്ധതിയുടെ പുതിയൊരു ചുവടുവയ്പ്പാണിതെന്ന് വക്താവ് വിജയ് ചൗതൈവാലെ വ്യക്തമാക്കി. ബിജെപിയും പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കാനാണ് ഈ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രീയ കക്ഷികൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജെ പി നദ്ദ എക്സിൽ കുറിച്ചു. വിദ്യാഭ്യാസം, തൊഴിൽ, ആയുർവേദം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ ഈ ചർച്ചയിലൂടെ സാധിക്കുമെന്നും ജെ പി നദ്ദ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മലേഷ്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ആയുർവേദം, പരമ്പരാഗത വൈദ്യം തുടങ്ങിയ വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിനായി ഏഴ് ധാരണാപത്രത്തിൽ ഒപ്പുവച്ചു.















