ബംഗാൾ: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ വസതി സന്ദർശിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. കട്ടക്കിൽ നിന്ന് മടങ്ങി എത്തിയതിന് ശേഷം നോർത്ത് 24 പർഗാനാസ് ജില്ലയിലെ യുവതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം മാതാപിതാക്കളോട് സംസാരിച്ചത്.
യുവതിയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചുവെന്നും, ചില നിർണായക വിവരങ്ങൾ അവർ കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതും, ഈ വിവരങ്ങൾ ഇപ്പോൾ പൊതുമധ്യത്തിൽ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായതിന് ശേഷം രണ്ട് തവണ ആനന്ദബോസ് യുവതിയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. യുവതിക്ക് നീതി ഉറപ്പാക്കുമെന്നും, പോരാട്ടത്തിൽ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
അതേസമയം ബംഗാളിലെ വിവിധ ആശുപത്രികളിൽ ഇപ്പോഴും മെഡിക്കൽ വിദ്യാർത്ഥികളുടേയും ഡോക്ടർമാരുടേയും നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ പല വിഭാഗങ്ങളും ഇപ്പോഴും പൂർണ്ണ തോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം തുടർച്ചയായ ആറാം ദിവസവും ചോദ്യം ചെയ്തു. കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എഎസ്‌ഐ അനൂപ് ദത്തയേയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.















