വാഴ്‌സോ: ഇന്ത്യയും പോളണ്ടും തമ്മിൽ സാമൂഹിക സുരക്ഷാ കരാറിന് ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പോളണ്ടിലെ ദ്വിദിന സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” എല്ലാവർക്കും പ്രയോജനകരമായ ഒരു കരാറിനാണ് ഇന്ത്യയും പോളണ്ടും ധാരണയായിരിക്കുന്നത്. ഇരുരാജ്യങ്ങളുടെ വികസനത്തിനും നവീകരണത്തിനും ഇത് ഊർജം പകരും. ഭാരതത്തിന്റെ ഭാരതത്തിന്റെ സംസ്‌കാരം, ധാർമ്മികത, കാഴ്‌ച്ചപ്പാടുകൾ എന്നിവയ്‌ക്കെല്ലാം ആഗോളതലത്തിലും വലിയ സ്വാധീനമുണ്ട്. വസുധൈവ കുടുംബകം എന്ന മന്ത്രമാണ് നമ്മുടെ പൂർവികർ നമുക്ക് പകർന്നു നൽകിയത്. ലോകത്തെ മുഴുവൻ ഒരു കുടുംബമായി ഞങ്ങൾ കണക്കാക്കുന്നു. ഇത് ഇന്നത്തെ ഇന്ത്യയുടെ നയങ്ങളിലും തീരുമാനങ്ങളിലും പ്രകടമാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ഇന്ത്യയിൽ ജി20 സംഘടിപ്പിച്ചത്.
സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യ- പോളണ്ട് ബന്ധം ദൃഢമാകുന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. നിരവധി ഇന്ത്യൻ കമ്പനികൾ ഇവിടെ നിക്ഷേപങ്ങൾ നടത്തുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നിരവധി പോളിഷ് കമ്പനികൾ ഇന്ത്യയിലും തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടരാൻ സാധിക്കട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.
പോളണ്ട് പ്രസിഡന്റ് ദുദാ ജിയുമായും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കുമായും കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ കൂടിക്കാഴ്ചയിലൂടെ ഇന്ത്യ- പോളണ്ട് നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടും. പോളണ്ട് പ്രധാനമന്ത്രി ഇന്ത്യയുടെ നല്ലൊരു സുഹൃത്താണെന്നും പുതിയ കരാറിൽ ഏർപ്പെടുന്നത് ഇരു രാജ്യങ്ങളുടെ വളർച്ചയ്‌ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് പോളണ്ട്-യുക്രെയിൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം പോളണ്ടിൽ എത്തിയത്. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്.















