ന്യൂഡൽഹി: പേടിഎമ്മിന്റെ സിനിമ ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ. 2,048 കോടി രൂപയ്‌ക്കാണ് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് സിനിമ, ഇവൻ്റ് ടിക്കറ്റിംഗ് ബിസിനസ് വിൽക്കുന്നത്. ഒരു വർഷത്തേക്കാണ് കരാർ.
ഇക്കാലയളവിൽ സിനിമ, സ്പോർട്സ്, ഇവന്റുകൾ എന്നിവ ഉൾപ്പെടുന്ന ടിക്കറ്റിംഗ് സേവനങ്ങൾ പേടിഎമ്മിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇതുവഴി കമ്പനിയെ കൂടുതൽ ലാഭത്തിലാക്കുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം.
സിനിമാ ടിക്കറ്റുകളും ഇവൻ്റ് മാനേജ്മെൻ്റ് പ്രോഗ്രാമുകളുടെ ടിക്കറ്റുകളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള പേടിഎംന്റെ ടിക്കറ്റിംഗ് ബിസിനസ് നോയിഡ ആസ്ഥാനമായാണ് ഇത് പ്രവർത്തിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ടിക്കറ്റ്ന്യൂ ഏറ്റെടുത്താണ് 2017-ൽ പേടിഎം ടിക്കറ്റ് ബുക്കിംഗ് ബിസിനസ് ആരംഭിക്കുന്നത്. നിലവിൽ ബുക്ക്മൈഷോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള ടിക്കറ്റിംഗ് ബിസിനസ് ആണ് പേടിഎമ്മിന്റേത്.
ഇൻസൈഡർ, ടിക്കറ്റ്‌ന്യൂ എന്നീ പ്ലാറ്റ്ഫോമുകളാണ് സൊമാറ്റോ ഏറ്റെടുക്കുക. ആർബിഐയുടെ ചട്ടങ്ങളിൽ പേടിഎം പേയ്മെൻ്റസ് ബാങ്ക് തുടർച്ചയായി വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ പേടിഎമ്മിന്റെ ബാങ്കിംഗ് സേവനങ്ങൾ നിർത്താൻ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിപണി വിഹിതം വിൽക്കാൻ കമ്പനിയുടെ തീരുമാനം.















