മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ശാഖയിലെ ഗോൾഡ് അപ്രൈസർ കുളത്തൂർ സ്വദേശി രാജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ള പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പാലക്കാട് സ്വദേശി അബ്ദുൾ നിഷാദ്, മുഹമ്മദ് അഷ്‌റഫ്, റഷീദ് അലി, ഷരീഫ് എന്നിവരും ശാഖയിലെ താത്കാലിക ജീവനക്കാരനായ രാജനും ചേർന്നാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്. 1,00,48,000 രൂപയുടെ വ്യാജ സ്വർണം പണയം വച്ചുവെന്നായിരുന്നു ശാഖ മാനേജർ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.
മാസങ്ങളായി ഇവർ, ബാങ്കിൽ തട്ടിപ്പ് നടത്തി വരിയായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. നിരവധി തവണ മുക്കുപണ്ടം ബാങ്കിൽ പണയം വയ്‌ക്കുകയും തിരിച്ചെടുക്കുകയും ചെയ്തിട്ടുള്ളതായി ഉദ്യോഗസ്ഥർ കണ്ടെത്തി. 7 കോടിയുടെ തട്ടിപ്പാണ് മൊത്തത്തിൽ പ്രതികൾ നടത്തിയതെന്ന് ഓഡിറ്റിംഗിൽ കണ്ടെത്തുകയായിരുന്നു.
നിലവിൽ ഒരു കോടിലധികം രൂപയുടെ വ്യാജ സ്വർണമാണ് ബാങ്കിലിരിക്കുന്നത്. 221 പവൻ സ്വർണമെന്ന വ്യാജേനയായിരുന്നു പ്രതികൾ പണം തട്ടിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















