കാസർകോട്: തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. കാസർകോട് ജില്ലയിൽ 4 ജി കണക്ടിവിറ്റി ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. ആദ്യഘട്ടത്തിൽ എട്ട് ടവറുകളുടെ പ്രവർത്തനം ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ 20 ടവറുകളും യാഥാർത്ഥ്യമാക്കും. മൂന്നാം ഘട്ടത്തിൽ തീരദേശ മേഖലയിൽ 24 ടവറുകളും യാഥാർത്ഥ്യമാകും. 32 സ്വകാര്യ ടവറുകളുമായി സഹകരിച്ചും 4 ജി സേവനമെത്തിക്കും.
ആദ്യഘട്ടത്തിൽ കാസർകോട് ടെലിഫോൺ എക്‌സ്ചേഞ്ച്, തളങ്കര, കാസർകോട് ഫോർട്ട്, വിദ്യാനഗർ, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് പൂർണ തോതിൽ 4 ജി സേവനം സജ്ജമായത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്‌സ്, തേജസ് നെറ്റ് വർക്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസ് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനമൊരുക്കുന്നത്. നിലവിലുള്ള ടവറുകൾ 4ജി-യിലേക്ക് ഉയർത്താനും പദ്ധതിയുണ്ട്.
കേന്ദ്ര സർക്കാരിന്റെ 4ജി സാച്ചുറേഷൻ പദ്ധതിയിലൂടെ 31 ടവറുകളാണ് ജില്ലയിലൊരുങ്ങുന്നത്. വനമേഖലയിലും തീരദേശ പ്രദേശങ്ങളിലും ഉൾപ്പടെ ഉൾപ്രദേശങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ പദ്ധതി. വരും വർഷത്തിൽ 5ജി സേവനവും രാജ്യത്ത് ലഭ്യമാക്കും.















