തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ ആന്ധ്രാപ്രദേശിൽ നിന്ന് കണ്ടെത്തുമ്പോൾ ഒരുകൂട്ടം സ്ത്രീകൾ കുട്ടിക്കായി അവകാശം ഉയർത്തിയതായി മലയാളി അസോസിയേഷൻ പ്രതിനിധികൾ. അസമിലേക്കുള്ള ട്രെയിനിലെ ബർത്തിൽ കിടന്നിരുന്ന കുട്ടിയെ തങ്ങളുടെ കുട്ടിയാണെന്ന് ചിത്രീകരിക്കാനായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളായ ഒരുകൂട്ടം സ്ത്രീകൾ ശ്രമിച്ചിരുന്നതെന്ന് പെൺകുട്ടിയെ കണ്ടെത്തിയവർ പറഞ്ഞു.
സ്ത്രീകളോട് തുടർച്ചയായി ചോദ്യം ചോദിച്ചതോടെ ഇവർ പതറി പോവുകയായിരുന്നു. പിന്നീട് പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും ഇവർ പറഞ്ഞു.
” തൊട്ടപ്പുറത്തെ ക്യാബിനിൽ ഇരുന്ന ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു കുട്ടിക്കായി അവകാശവാദം ഉയർത്തിയത്. എന്നാൽ ഇവരോട് ടിക്കറ്റും മറ്റും ചോദിച്ചപ്പോൾ ഇവർ പതറി പോയി. പിന്നീട് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ എല്ലാ കാര്യങ്ങളും വിശദമായി അവൾ പറഞ്ഞു. കേരളത്തിൽ നിന്ന് അമ്മയോട് വഴക്കിട്ടാണ് പോന്നതെന്നും അസമിലെ ബന്ധുവീട്ടിലേക്ക് പോകാനായിരുന്നു ശ്രമമെന്നും അവൾ പറഞ്ഞു. ഇതോടെ കുട്ടിയെ ആർപിഎഫിന്റെ വനിതാ കോൺസ്റ്റബിളിന് കൈമാറുകയായിരുന്നു.”- മലയാളി അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
37 മണിക്കൂർ തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രിയാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുന്ന സമയത്ത് കുട്ടി ക്ഷീണിതയായിരുന്നു. കേരളത്തിൽ നിന്നും ഉദ്യോഗസ്ഥർ 13കാരിയെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്.















