കൊച്ചി : മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി തള്ളി. പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ ന്യായ സൻഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയ്‌ക്ക് നൽകിയ ഹിന്ദി തലക്കെട്ടുകൾ ചോദ്യം ചെയ്ത് ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കേരള ഹൈക്കോടതി തള്ളിയത്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അഡ്വ.ജീവേഷ് സമർപ്പിച്ച ഹർജി തള്ളിയത്.
നിയമങ്ങളുടെ തലക്കെട്ട് അവരവർക്ക് പരിചിതമായ ഭാഷയിലായിരിക്കണമെന്ന് ആവശ്യപ്പെടാൻ പൗരന്മാർക്ക് മൗലികാവകാശമില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. നിയമനിർമ്മാണത്തിന്റെ തലക്കെട്ടായി ഹിന്ദി പേരുകൾ നൽകുന്നതിൽ നിന്ന് പാർലമെൻ്റിനെ തടയുന്ന ഒന്നും നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി.
നിയമങ്ങളുടെ ഹിന്ദി പേരുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം തൊഴിൽ ചെയ്യാനുള്ള തന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഈ നിയമങ്ങളുടെ ഹിന്ദി ശീർഷകങ്ങൾ ഹിന്ദിയോ സംസ്‌കൃതമോ സംസാരിക്കാത്തവരുടെ നിയമ സമൂഹത്തിന് ആശയക്കുഴപ്പവും അവ്യക്തതയും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് ജീവേഷ് ആരോപിച്ചു. എല്ലാ നിയമങ്ങളുടെയും ‘പ്രാമാണിക ഗ്രന്ഥങ്ങൾ ‘ ഇംഗ്ലീഷിലായിരിക്കണമെന്ന് ഭരണഘടനയുടെ 348-ാം അനുച്ഛേദം പറയുന്നുണ്ടെന്നും ഹർജിക്കാരൻ പറഞ്ഞു.
അതിനാൽ പുതിയ ക്രിമിനൽ നിയമങ്ങൾക്ക് നൽകിയ ഹിന്ദി തലക്കെട്ടുകൾ ഭരണഘടനയുടെ 348-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരൻ ആരോപിച്ചു.
എന്നാൽ ആർട്ടിക്കിൾ 348-ലെ ‘പ്രാമാണിക ഗ്രന്ഥങ്ങൾ'( Authoritative text ) എന്ന പദത്തിന്റെ അർത്ഥം ഒരു നിയമത്തിന്റെ ഉള്ളടക്കത്തെയോ അതിലെ വാചകങ്ങളെയോ ആണ് അർത്ഥമാക്കുന്നതെന്നും, അത് (”പ്രാമാണിക ഗ്രന്ഥങ്ങൾ’)ഒരു നിയമത്തിന്റെ തലക്കെട്ടല്ലെന്നും കോടതി നിരീക്ഷിച്ചു.
‘പ്രാമാണിക ഗ്രന്ഥങ്ങൾ’ ഇംഗ്ലീഷിൽ വേണമെന്നുള്ള ഭരണഘടനാ നിർദ്ദേശത്തിൽ, നിയമങ്ങളുടെ ഐക്യ രൂപം ഉറപ്പാക്കുക എന്നതാണ് ഭരണഘടനയുടെ കൽപ്പനയെന്ന് കോടതി വ്യക്തമാക്കി. മറിച്ച് ഹിന്ദി ഭാഷയെ താഴ്‌ത്തിക്കെട്ടുകയല്ല. കൂടാതെ നിയമങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകുന്നതിൽ നിന്ന് പാർലമെൻ്റിനെ ഒരു നിയമവും തടയുന്നുമില്ല.
അതിനാൽ, ഈ വിഷയത്തിൽ മൗലികാവകാശ ലംഘനം ഇല്ലാത്തതിനാൽ ഹർജിക്കാരന് കോടതിയെ സമീപിക്കാൻ ന്യായമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വസ്തുതകളുടെ വെളിച്ചത്തിൽ കോടതി ഹർജി തള്ളി.















