തിരുവനന്തപുരം; സാലറി ചലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻജിഒ സംഘ് സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. ജീവനക്കാർക്ക് സ്വമേധയാ നൽകാൻ കഴിയുന്നത്ര തുക സംഭാവനയായി സ്വീകരിച്ച് വയനാട് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ മുഴുവൻ ജീവനക്കാരെയും പങ്കാളികളാക്കുന്നതിന് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി.
ക്ഷാമബത്തയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് അവരുടെ കഴിവിനനുസരിച്ച് സംഭാവന നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ആവശ്യം ഉന്നയിച്ച് ധനകാര്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും നേരിൽ കണ്ട് നിവേദനം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി. മനോജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല, സംസ്ഥാന സമിതി അംഗം ബിജു പാക്കോട് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.