ബഹുഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് ചായയിലോ കാപ്പിയിലോ ആയിരിക്കും. എന്നാൽ മധുരത്തിനായി പഞ്ചസാരയും ഇത്തരം പാനീയങ്ങളിൽ നാം ചേർക്കാറുണ്ട്. പൊതുവെ സൈലന്റ് കില്ലർ എന്നാണ് പഞ്ചസാര അറിയപ്പെടുന്നത്. പഞ്ചസാരയുടെ അമിത ഉപയോഗം വളരെ പെട്ടന്ന് പ്രമേഹം പിടിപെടുന്നതിലേക്ക് വഴിവയ്‌ക്കുന്നതിനാൽ ഇത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. പകരം ഇനി പറയുന്നവ കട്ടൻ ചായയിലും കട്ടൻ കാപ്പിയിലും ചേർത്ത് കുടിച്ചു നോക്കാം..
ശർക്കര

പഞ്ചസാരയെക്കാൾ ആരോഗ്യപരമായി മുൻപന്തിയിലാണ് ശർക്കര. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന് പോഷക ഘടകങ്ങൾ പ്രദാനം ചെയ്യുന്നു. പല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ദഹന പ്രശ്‌നങ്ങൾ അകറ്റുന്നതിനും ശർക്കര ഉപയോഗിക്കാം.
തേൻ

ശുദ്ധമായ ചെറുതേൻ കട്ടൻ ചായയിലും കട്ടൻ കാപ്പിയിലും ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
തൊണ്ടവേദനയും ചുമയും മാറ്റുന്നതിനുള്ള മികച്ച പ്രതിവിധി കൂടിയാണ് തേൻ. ഹെർബൽ ടീയിൽ തേൻ ഒഴിച്ച് കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളെ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്‌ക്കാനും തേൻ സഹായിക്കുന്നു
കറുവപ്പട്ട

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി കറുവപ്പട്ടയിട്ട ചായയും കാപ്പിയും കുടിക്കാം. ടൈപ്പ് 2 പ്രേമഹം വരാനുള്ള സാധ്യതകൾ കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. അമിത ഭാരം കുറയ്‌ക്കുന്നതിനായി കറുവപ്പട്ടയിട്ട ചായ വെറും വയറ്റിൽ കുടിക്കുന്നതും നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.















