അഗർത്തല: ത്രിപുരയിലെ പ്രളയബാധിത പ്രദേശം സന്ദർശിച്ച് മുഖ്യമന്ത്രി മണിക് സാഹ. പ്രളയബാധിത പ്രദേശങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിയ അദ്ദേഹം, പ്രളയബാധിതർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.
ധലേശ്വറിലെ സ്വാമി ദയാലാനന്ദ വിദ്യാനികേതൻ, രാംതാക്കൂർ ഹയർ സെക്കൻഡറി ഗേൾസ് സ്‌കൂൾ, ബർദോവാലിയിലെ സ്വാമി വിവേകാനന്ദ സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.സന്ദർശനത്തിനിടെ മുഖ്യമന്ത്രി ദുരിതബാധിതരുമായി സംവദിക്കുകയും സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. സംസ്‌ഥാനത്ത് 320 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 30,000 ത്തിലധികം ആളുകളാണ് ഉള്ളത്.
അഗർത്തലയിലെ ഐടി ഭവനിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വഴി വെള്ളപ്പൊക്കം ബാധിച്ച ഇടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സങ്കൽപ്പിക്കാനാകുന്നില്ലെന്നും ദുരിതബാധിതർക്ക് വേണ്ടി സർക്കാരും കൗൺസിലർമാരും പാർട്ടി പ്രവർത്തകരും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുരിതാശ്വാസ നടപടികൾക്കാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഈ പ്രകൃതിദുരന്തത്തെ ഒരുമിച്ച് നേരിടാൻ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.