ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒരുമിച്ചെത്തിയ ചിത്രം സ്ത്രീ- 2 ബോക്സോഫീസിൽ വൻ ഹിറ്റ്. ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ് ചിത്രം. ആഗോള ബോക്സോഫീസിൽ 359 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഉടൻ 500 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2018-ൽ പുറത്തിറങ്ങിയ സ്ത്രീയുടെ ഒന്നാം ഭാഗത്തേക്കാൾ മികച്ച കളക്ഷനാണ് സ്ത്രീ-2 നേടുന്നത്. എന്റർടെയ്ൻമെന്റ് മാത്രമല്ല, അമ്പരപ്പും ആകാംക്ഷയും എല്ലാം കൂടി ഉൾപ്പെടുത്തികൊണ്ടുള്ള ദൃശ്യവിരുന്നാണ് സ്ത്രീ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഹൊറർ- കോമഡി ചിത്രമെന്ന ഖ്യാതി ഉണ്ടെങ്കിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കാനും സംവിധായകൻ മറന്നില്ല.
അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി എന്ന കഥാപാത്രത്തെയാണ് രാജ്കുമാർ റാവു അവതരിപ്പിക്കുന്നത്ത്. ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന അമാനുഷിക ശക്തിയെ നേരിടുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. സസ്പെൻസുകൾ നിറഞ്ഞ ക്ലാസിക് ത്രില്ലർ ചിത്രമാണ് സ്ത്രീ-2. ഒന്നാം ഭാഗത്തെ കടത്തിവെട്ടുന്ന കഥയും മേക്കിംഗുമാണ് രണ്ടാം ഭാഗത്തിനെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
രസകരമായ നിരവധി സീനുകളും സ്ത്രീയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരുടെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്.