സിനിമകളിൽ നിന്ന് നടൻ തിലകനെ മമ്മൂട്ടി മാറ്റിനിർത്താൻ ശ്രമിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ എസ് എൻ സ്വാമി. തനിക്കറിയാവുന്ന മമ്മൂട്ടി ആരെയും സിനിമയിൽ നിന്ന് ഒഴിവാക്കുന്ന ആളല്ലെന്നും തിലകന് വിലക്കേർപ്പെടുത്തിയ സമയത്ത് നേരറിയാൻ സിബിഐ എന്ന സിനിമയിലേക്ക് തിലകന്റെ പേര് നിർദ്ദേശിച്ചത് മമ്മൂട്ടിയാണെന്നും എസ്.എൻ സ്വാമി പറഞ്ഞു. വ്യക്തിപരമായ വിരോധം കൊണ്ട് ഏതെങ്കിലും ഒരാളെ സിനിമയിൽ നിന്നും ഒഴിവാക്കുന്ന ആളല്ല മമ്മൂട്ടി എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എസ് എൻ സാമി വ്യക്തമാക്കി.
“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഞാൻ ശ്രദ്ധിച്ചത് മമ്മൂട്ടിയെ പറ്റി വന്ന വാർത്തകളാണ്. മമ്മൂട്ടി തിലകനെതിരെ പ്രവർത്തിച്ചുവെന്നും അദ്ദേഹത്തെ വർക്ക് ചെയ്യാൻ അനുവദിച്ചില്ല എന്നും പലരും പറയുന്നത് കേട്ടു. ആ കഥകളൊന്നും ശരിയല്ല. അത് നന്നായി അറിയുന്ന ആളാണ് ഞാൻ. മമ്മൂട്ടിക്കൊപ്പം നാല്പതിലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളാണ് ഞാൻ. മമ്മൂട്ടി എന്ന മനുഷ്യന്റെ മനസ്സ് എന്റെ അത്രയും ആർക്കും അറിവ് ഉണ്ടാവില്ല”.
“നേരറിയാൻ സിബിഐയുടെ സീൻ ഞാനും മമ്മൂട്ടിയും ഒരുമിച്ചിരുന്നാണ് വായിച്ചത്. സിനിമയിൽ കാപ്ര എന്ന ഒരു കഥാപാത്രമുണ്ട്. അത് തിലകനാണ് ചെയ്തത്. തിലകന് ആ സമയം വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹത്തെ വിളിച്ചാൽ പ്രശ്നം ഉണ്ടാകുമോ എന്നുള്ള സംശയം ഞങ്ങൾക്ക് ഉണ്ടായിരുന്നു. മാത്രമല്ല, മണിച്ചിത്രത്താഴിലെ കഥാപാത്രത്തിനോട് സാമ്യമുള്ള കഥാപാത്രം ആയിരുന്നു നേരറിയാൻ സിബിഐയിലേത്. പക്ഷേ കഥ വായിച്ചശേഷം ഈ കഥാപാത്രം തിലകൻ തന്നെ ചെയ്യണം എന്ന് മമ്മൂട്ടിയാണ് പറഞ്ഞത്. ആരും പറഞ്ഞില്ലെങ്കിൽ ഞാൻ അദ്ദേഹത്തെ വിളിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. അങ്ങനെയുള്ള മമ്മൂട്ടി തിലകനെ ഒഴിവാക്കാൻ ശ്രമിച്ചു എന്നത് വാസ്തവ വിരുദ്ധമാണ്”.
“ഞങ്ങൾക്ക് മടിയുണ്ടായിട്ടും സിബിഐയിലേക്ക് തിലകനെ വിളിച്ചത് മമ്മൂട്ടിയാണ്. ഈ കഥാപാത്രം നന്നാകണമെങ്കിൽ തിലകൻ തന്നെ ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞു. പ്രൊഫഷണലായ ഒരു നടനാണ് മമ്മൂട്ടി. അങ്ങനെയുള്ള അദ്ദേഹം ഒരാളെ വേണ്ട എന്നു പറയുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. സിനിമയിൽ നിന്ന് ഒരാളെ പോലും മമ്മൂട്ടി മാറ്റിനിർത്തിയതായി എനിക്കറിയില്ല. വ്യക്തിവിരോധം കൊണ്ട് ആരെയും മമ്മൂട്ടി മാറ്റി നിർത്തിയിട്ടില്ല”-എസ് എൻ സാമി പറഞ്ഞു.