പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി ചെയ്തുവെന്ന ആരോപണത്തെ തുടർന്ന് വീണ്ടും വെട്ടിലായ മുൻ എംഎൽഎ പി.കെ ശശിയെ പുകഴ്‌ത്തി മന്ത്രി കെ.ബി ഗണേഷ് കുമാർ. താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് പി.കെ ശശിയെന്ന് മന്ത്രി പറഞ്ഞു. പി.കെ ശശി അദ്ധ്യക്ഷനായ മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജിൽ വച്ചായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതേ കോളേജിൽ നിയമന ക്രമക്കേട് നടത്തിയെന്ന ആരോപണവും ശശി നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഗണേഷ് കുമാറിന്റെ പുകഴ്‌ത്തൽ.
ഞാൻ കണ്ട വളരെ നല്ല മനുഷ്യരിൽ ഒരാളാണ് പി.കെ ശശി. മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകർക്കുന്നതെന്ന് ഓർക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങൾക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കുന്നവനെയും ആർക്കും വേണ്ട, നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നു. – ഗണേഷ് കുമാർ പറഞ്ഞു.
ചാരവൃത്തി ആരോപിച്ച് പൊലീസ് വേട്ടയാടി കരിയർ തകർത്ത ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതവുമായി പി.കെ ശശിയെ ഗണേഷ് കുമാർ ഉപമിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് ഒരാളെ മോശക്കാരനാക്കാൻ എളുപ്പമാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പികെ ശശിയെ കരിവാരിതേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആ ശ്രമങ്ങളിൽ സത്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ശശിക്ക് വേണ്ടി സംസാരിക്കുന്നത്. എംഎൽഎ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും രാഷ്‌ട്രീയം നോക്കാതെ സ്നേഹത്തിന് മുൻതൂക്കം നൽകി സഹായിക്കുന്ന ഒരാളായിരുന്നു പി.കെ ശശിയെന്നും ഗണേഷ് കുമാർ പറഞ്ഞു.