ആറൻമുള: ആചാരം മുടക്കാതെ ചിങ്ങത്തിലെ ഉതൃട്ടാതി നാളിൽ ആറൻമുളയിൽ പ്രതീകാത്മക ജലമേള അരങ്ങേറി. 25 പളളിയോടങ്ങൾ പാടിത്തുഴഞ്ഞ് ജലഘോഷയാത്രയിൽ പങ്കെടുത്തു. സത്രക്കടവിൽ നിന്നാണ് ജലഘോഷയാത്ര ആരംഭിച്ചത്.
ചിങ്ങമാസത്തിലെ ഉതൃട്ടാതിയാണ് ആറൻമുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനമാണ് ആറൻമുള വള്ളംകളി നടക്കുന്നത്. ഇക്കുറി തിരുവോണം ചിങ്ങം മുപ്പതിനാണ്. അതും കഴിഞ്ഞ് സെപ്റ്റംബർ 19 ന് മത്സരവള്ളംകളി നടക്കുമ്പോൾ കന്നിമാസമാകും. അതിനാലാണ് ചിങ്ങത്തിലെ ഉതൃട്ടാതിയിൽ പ്രതീകാത്മകമായി ജലമേള നടത്താൻ തീരുമാനിച്ചത്.
ചടങ്ങ് മുടങ്ങാതിരിക്കാൻ കൂടിയായിരുന്നു പ്രതീകാത്മകമായി ജല ഘോഷയാത്ര നടത്തിയത്. ആടയാളഭരണങ്ങൾ അണിഞ്ഞ് തുഴക്കാർ നിറഞ്ഞ് പാടിത്തുഴഞ്ഞ് എത്തുന്ന പളളിയോടങ്ങളുടെ ഘോഷയാത്ര കാണാൻ നിരവധി ഭക്തരും എത്തിയിരുന്നു.















