അനകപ്പള്ളി : ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ ഫാർമ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
“ഫാർമ കമ്പനി അപകടത്തിൽപെട്ടവരെ വിശാഖ ആശുപത്രിയിൽ ഞാൻ സന്ദർശിച്ചു. അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ധൈര്യം പകർന്നു. ദുരിതബാധിതരായ കുടുംബങ്ങളെ സംരക്ഷിക്കുമെന്ന് ഞാൻ ഉറപ്പുനൽകിയിട്ടുണ്ട്. ചികിത്സയിലുള്ളവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ” മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 1 കോടിരൂപയും, സാരമായി പരിക്കേറ്റവർക്ക് 50 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. 17 പേരാണ് സ്ഫോടനത്തിൽ മരിച്ചത്.41 പേർക്ക് പരിക്കേറ്റു. തുടർന്ന് അഗ്നിശമന സേനയാണ് സ്‌ഥലത്തെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും കേന്ദ്രസർക്കാർ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.















