ന്യൂഡൽഹി: ബംഗ്ലാദേശിലെ കിഴക്കൻ അതിർത്തി ജില്ലകളിലെ പ്രളയത്തിനുകാരണം ത്രിപുരയിലെ അണക്കെട്ടിൽനിന്നുള്ള ജലമല്ലെന്ന് വിദേശകാര്യ മന്ത്രാലയം. ത്രിപുരയിലെ ഗുംതി നദിയിലെ അണക്കെട്ട് തുറന്നതാണ് പ്രളയത്തിനുകാരണമെന്ന ബംഗ്ലാദേശിന്റെ ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് പെയ്യുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അണക്കെട്ടിന് താഴെയുള്ള ഈ വലിയ വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള ജലമാണ് ബംഗ്ലാദേശിലെ വെള്ളപ്പൊക്കത്തിനുള്ള പ്രാഥമിക കാരണമെന്നും ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
അതിർത്തിയിൽ നിന്ന് വളരെ അകലെയാണ് ഗുംതി നദിയിലെ ഡംബൂർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അമർപൂർ, സോനാമുറ, സോനാമുറ 2 എന്നിവിടങ്ങളിൽ മൂന്ന് ജലനിരപ്പ് നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ ജലനിരപ്പുയരുമ്പോൾ ഡാമിൽനിന്നും ജലം ഓട്ടോമാറ്റിക്കായി പുറത്തേക്ക് ഒഴുകുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി പ്രോട്ടോക്കോളിന്റെ ഭാഗമായ അമർപൂർ സ്റ്റേഷനിൽ നിന്നുള്ള തത്സമയ പ്രളയ സാധ്യതാ ഡാറ്റ ബംഗ്ലാദേശിലേക്ക് കൈമാറുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പൊതുവായ നദികളിലെ വെള്ളപ്പൊക്കം ഇരുകരകളിലെയും ആളുകൾക്ക് ദുരിതങ്ങൾ ഉണ്ടാക്കുന്ന ഒരു പൊതു പ്രശ്നമാണ്, അവ പരിഹരിക്കുന്നതിന് പരസ്പര സഹകരണം ആവശ്യമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.















