90 അടി ഉയരത്തിൽ വെങ്കലത്തിൽ തീർത്ത ഹനുമാൻ പ്രതിമ ടെക്സാസിൽ അനാച്ഛാദനം ചെയ്തു. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്. ഹൂസ്റ്റണിൽ നിന്ന് 35 കിലോമീറ്റർ ദൂരെ ഷുഗർ ലാൻഡിൽ സ്ഥിതിചെയ്യുന്ന ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് ഹനുമാന്റെ വെങ്കല പ്രതിമ പണികഴിപ്പിച്ചിട്ടുള്ളത്.
അനാച്ഛാദനവുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഓഗസ്റ്റ് 15ന് ആരംഭിച്ചിരുന്നു. 18-നായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. നിസ്വാർത്ഥതയുടെയും ഐക്യത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ് ഹനുമാൻ പ്രതിമയെന്ന് അധികൃതർ പറഞ്ഞു. പദ്മഭൂഷൺ ജേതാവും വേദപണ്ഡിതനുമായ ശ്രീ ചിന്ന ജീയർ സ്വാമിജിയുടെ സ്വപ്നമായിരുന്നു വടക്കേ അമേരിക്കയിൽ യഥാർത്ഥ്യമായ ഈ ഹനുമാൻ പ്രതിമയെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
സ്റ്റാച്യൂ ഓഫ് യൂണിയൻ എന്നാണ് വെങ്കലപ്രതിമയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയരമേറിയ പ്രതിമ സ്റ്റാച്യൂ ഓഫ് ലിബേർട്ടിയാണ്. 305 അടിയാണ് ഇതിന്റെ ഉയരം. രണ്ടാമത്തെ ഉയരം കൂടിയ പ്രതിമ ഫ്ലോറിഡയിൽ സ്ഥിതിചെയ്യുന്ന പെഗസസ് ആൻഡ് ഡ്രാഗൺ ആണ്.