ജയനെ മലയാളികൾക്ക് നഷ്ടപ്പെടുത്തിയ ചിത്രമായിരുന്നു കോളിളക്കം. ‘വക്ത്’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ റീമേക്കായി ഒരുക്കിയ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴായിരുന്നു ഹെലികോപ്റ്ററിൽ നിന്നും വീണ് ജയൻ മരിക്കുന്നത്. ജയന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന് പകരമായി സിനിമയിലേക്ക് എത്തിയ താരമാണ് ഭീമൻ രഘു. ജയനു വേണ്ടി എഴുതിയ ഭീമൻ എന്ന സിനിമയിലൂടെയാണ് താരം നായകനായി എത്തുന്നത്. ജയനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ചിത്രത്തിൽ ഭീമൻ രഘുവിന്റെ പ്രകടനം. ഇപ്പോഴിതാ താൻ നായകനായി “കോളിളക്കം” വീണ്ടും ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തുകയാണ് ഭീമൻ രഘു.
“ഒരു സബ്ജക്ട് റെഡിയാക്കി കൊണ്ടുവരുന്നുണ്ട്, ‘കോളിളക്കം’. രാമനുണ്ണി വിശ്വനാഥനും ഞാനും ചേർന്ന് എഴുതിയ കഥയാണ്. കുറച്ച് വലുതായിട്ടാണ് അത് എഴുതിയിരിക്കുന്നത്. അതിനെ ഇപ്പോഴത്തെ ഒരു രീതിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ജയൻ അഭിനയിച്ച സബ്ജക്ട് ഇപ്പോൾ കൊണ്ടുവന്നാൽ ജനങ്ങൾക്ക് രസിക്കുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ജയന്റെ ഒരു സ്വാധീനം ഇന്നുമുണ്ട്. അതു വെച്ചിട്ട് ഒരു വെറൈറ്റി ചിത്രം. തൊട്ടാൽ അടി, അങ്ങനെയൊരു സാധനത്തിലേക്ക് നമ്മൾ കയറുകയാണ്”.
“6 ഫൈറ്റ്, 6 പാട്ട്, കുറച്ച് ഫാമിലി ആക്ഷേപഹാസ്യം, പിന്നെ ഒരു ക്ലൈമാക്സ്. ഇതാണ് കോളിളക്കം. ഇതുവരെ ഒരു സിനിമയിലും കാണാത്ത തരത്തിലുള്ള ക്ലൈമാക്സ് ആയിരിക്കും. സിനിമ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പണ്ടേ ഇത് തുടങ്ങിയതാണ്. പക്ഷേ പല സാഹചര്യങ്ങൾ കൊണ്ടും മാറിയും മറിഞ്ഞും പോവുകയായിരുന്നു”-ഭീമൻ രഘു പറഞ്ഞു.















