കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരിക്കെ പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശിയാണ് എൻഐഎയുടെ കസ്റ്റഡിയിലായത്.
അദ്ധ്യാപകന്റെ കൈവെട്ടിയ മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ സഹായിയാണ് പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. ഇരിട്ടി വിളക്കോട് സ്വദേശി സഫീറിനെയാണ് അന്വേഷണ സംഘം പിടികൂടിയത്.
കേസിലെ മുഖ്യപ്രതിയായ സവാദിന്റെ സഹായിയാണ് ഇയാൾ. കുറ്റകൃത്യത്തിന് ശേഷം കണ്ണൂരിലെ മട്ടന്നൂരിൽ സവാദ് ദീർഘകാലം ഒളിവിൽ കഴിഞ്ഞിരുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അടുത്തിടെയാണ് സവാദ് എൻഐഎയുടെ പിടിയിലായത്. ഇതിന് പിന്നാലെ സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി എൻഐഎ അന്വേഷണം ആരംഭിച്ചിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തതിനൊടുവിലാണ് സഫീറിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
13 വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മതനിന്ദയാരോപിച്ച് ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു പോപ്പുലർ ഫ്രണ്ട് ഭീകരർ.