മാംസാഹാരം പൊതുവെ പ്രോട്ടീന്റെ കലവറയായാണ് കണക്കാക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം പേരും മാംസാഹാരം ഇഷ്ടപ്പെടുന്നവരുമാണ്. അതിപ്പോൾ ചിക്കനായാലും പോർക്കായാലും ബീഫായാലും വറുത്തും കറിവച്ചും വ്യത്യസ്ത തരം പാചക രീതികളിലൂടെ സ്വാദിഷ്ടമാക്കി കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ അടുത്തിടെ നടത്തിയ പഠനം മാംസാഹാരികൾക്ക് ഒട്ടും ഇഷ്ടപ്പെടുന്ന വാർത്തയല്ല പുറത്ത് വിടുന്നത്. ഏതുതരത്തിലുള്ള മാംസത്തിൻെറയും ഉപഭോഗം നമ്മെ ടൈപ്പ് 2 പ്രമേഹത്തിലേക്ക് തള്ളിവിടുമെന്നാണ് പുതിയ പഠനം പറയുന്നത്.

റെഡ്‌മീറ്റിനെക്കാൾ കോഴിയിറച്ചി താരതമ്യേന ആരോഗ്യകരമാണെന്ന വിശ്വാസവും പഠനത്തിലെ കണ്ടെത്തലുകൾ ഇല്ലാതാക്കുന്നുണ്ട്. കോഴിയിറച്ചി കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. അമേരിക്ക, യൂറോപ്പ്, കിഴക്കൻ മെഡിറ്ററേനിയൻ, ദക്ഷിണേഷ്യ, പടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം ജനസംഖ്യയിൽ നടത്തിയ പഠനത്തിലാണ് മാംസ ഉപഭോഗവും പ്രമേഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്.

നാം കഴിക്കുന്ന ഭക്ഷണവും കഴിക്കുന്ന രീതിയുമാണ് നമ്മുടെ ആരോഗ്യ അവസ്ഥയെ നിർണയിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണക്രമം ആരോഗ്യകരമായിരിക്കാൻ നമ്മെ സഹായിക്കും, അതേസമയം അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ പതിവായി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ മാംസാഹാരം പ്രോട്ടീന്റെ സ്രോതസായി മാത്രം കണ്ട് ഉപഭോഗം നിയന്ത്രിച്ചാൽ വരാനിരിക്കുന്ന അപകടം ഒഴിവാക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.















