കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിൽ മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് ആരോപിച്ച് നടി മഞ്ജു വാര്യർക്ക് വക്കിൽ നോട്ടീസ് അയച്ച് നടിയും സഹസംവിധായകയുമായ ശീതൾ തമ്പി. അഞ്ച് കോടി രൂപയാണ് നഷ്ട പരിഹാരമായി ശീതൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മഞ്ജു വാര്യർ നിർമാതാവായ ഫൂട്ടെജ് എന്ന സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ശീതളിന് പരിക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് ഒരുക്കിയില്ലെന്നും പ്രാഥമിക ചികിത്സ നൽകിയില്ലെന്നുമാണ് ആരോപണം. മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർടണ്റായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഷൂട്ടിങ്ങിനിടയിൽ ഫൈറ്റ് സീനിൽ ശീതൾ അഭിനയിച്ചിരുന്നു. സാധാരണയായി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സീനെല്ലാം ഷൂട്ട് ചെയ്യുന്നത്. എന്നാൽ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ശീതളിന് പരിക്കുണ്ടായി. പിന്നാലെ ശസ്ത്രക്രിയയ്‌ക്കു വിധേയായി. ചികിത്സയ്‌ക്ക് വൻ തുക ചെലവായെങ്കിലും ഘട്ടഘട്ടമായി മൂവി ബക്കറ്റ് നിർമാണ കമ്പനി 1,80,000 രൂപ മാത്രമാണ് നൽകിയെന്നും ശീതൾ ആരോപിക്കുന്നു. നിലവിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും നഷ്ടപരിഹാരം നൽകുന്നില്ലെന്നും നടി ആരോപിച്ചു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്.















