ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് വൈകിയെന്ന് നടൻ ബാല. ഹേമ കമ്മിറ്റിക്ക് മുൻപ് മലയാള സിനിമയിൽ ഉണ്ടായ കേസുകളെല്ലാം തീർപ്പാക്കിയോ എന്നും ബാല ചോദിച്ചു. നടൻ ദിലീപിന്റെ കേസിൽ ഇത്രയും വർഷമായിട്ടും എന്തുകൊണ്ട് ശിക്ഷ വിധിക്കുന്നില്ല എന്നും താരം ചോദിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു നടൻ.
“നിങ്ങളുടെ കയ്യിൽ തെളിവുണ്ടെങ്കിൽ നിയമം വഴി പെട്ടെന്നുതന്നെ കേസ് നടത്തണം. അല്ലാതെ വെറുതെ വലിച്ചു നീട്ടരുത്. ഹേമ കമ്മീഷന് മുൻപ് തന്നെ എത്ര കേസുകൾ മലയാള സിനിമയിൽ വന്നിട്ടുണ്ട്. കേരളം തന്നെ ഞെട്ടിയ ഒരു പീഡന കേസ് ഉണ്ടല്ലോ. ഒന്നെങ്കിൽ, ദിലീപേട്ടൻ തെറ്റ് ചെയ്തെന്ന് പറയൂ. ഇല്ലെങ്കിൽ, ഇല്ലെന്നു പറയൂ. ഏഴു കൊല്ലമായി കേസ് നടക്കുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ശിക്ഷ കൊടുക്കുക. ഇനി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ കഴിഞ്ഞ ഏഴ് കൊല്ലമായി ദിലീപേട്ടൻ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്”.
“ഞാൻ ന്യായത്തിന് ഒപ്പമാണ് നിൽക്കുന്നത്. നിയമം സിനിമയിൽ മാത്രമല്ല കണ്ടിട്ടുള്ളത്, കോടതിയിൽ ഞാനും കയറിയിറങ്ങിയിട്ടുണ്ട്. കൊലപാതകം ചെയ്തവനെക്കാളും കൊലപാതകം ചെയ്യാൻ ഏൽപ്പിച്ചവനാണ് ഏറ്റവും വലിയ കുറ്റവാളി എന്ന് പറയാറുണ്ട്. കുറ്റകൃത്യം ചെയ്ത പ്രതി കയ്യിലിരുന്നിട്ടും തെളിവ് കണ്ടെത്താൻ ഏഴു കൊല്ലത്തിന്റെ ആവശ്യമുണ്ടോ. നാട്ടുകാരെല്ലാം ഇത് വിശ്വസിക്കും എന്നാണോ. എന്തുകൊണ്ടാണ് അന്വേഷണം ഇത്രയധികം നീണ്ടുപോകുന്നത്. ഈ ഹേമ കമ്മീഷൻ റിപ്പോർട്ട് തന്നെ പുറത്തു വരാൻ എന്തിനാണ് അഞ്ചുവർഷം എടുത്തത്. ഇനി ശിക്ഷ നടപ്പാക്കാനും അഞ്ചു വർഷം എടുക്കുമോ”-ബാല ചോദിച്ചു.