കൊച്ചി: ശ്രീലങ്കയിലേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കയറ്റുമതി ചെയ്യാൻ ധാരണ. പുതുവൈപ്പ് ടെർമിനലിൽ നിന്ന് ശ്രീലങ്കയിലേക്കാണ് കയറ്റുമതി. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന പെട്രോനെറ്റ് എൽഎൻജി ശ്രീലങ്കയിലെ എൽടിഎൽ ഹോൾഡിംഗ്സുമായാണ് ധാരണപത്രം ഒപ്പുവച്ചത്.
കൊളംബോയിലെ കേരവാളപിടിയ വൈദ്യുത നിലയത്തിന് വേണ്ടിയാണ് എൽഎൻജി കയറ്റുമതി ചെയ്യുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ ഉഭയകക്ഷി സമ്മതത്തോടെ കാലാവധി നീട്ടാനും കഴിയും.
2013-ൽ കമ്മീഷൻ ചെയ്ത പുതുവൈപ്പ് ടെർമിനലിന് അഞ്ച് മില്യൺ ടണ്ണാണ് വാർഷിക ശേഷി. കേരളത്തിലെയും മംഗളൂരുവിലെയും വ്യവസായ മേഖലയ്‌ക്കും സംസ്ഥാനത്തെ എൽഎൻജി സിറ്റി ഗ്യാസ് പദ്ധതിക്കും വാതകം ലഭ്യമാക്കുന്നത് ഇവിടെ നിന്നാണ്. ശേഷിയുടെ 20 ശതമാനം മാത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. കയറ്റുമതി യാഥാർത്ഥ്യമാകുന്നതോടെ ടെർമിനലിന് നേട്ടവും കുതിപ്പുമാകും. പുതുവൈപ്പനിന് പുറമേ ഗുജറാത്തിലെ ദഹേജിലും എൽഎൻജി ഇറക്കുമതി ടെർമിനലുണ്ട്. 17.5 മില്യൺ ടൺ വാർഷിക കൈകാര്യ ശേഷിയുള്ള കൂറ്റൻ ടെർമിനലാണിത്.















