ന്യൂഡൽഹി:ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്കിന് അംഗീകാരം നൽകി കർണ്ണാടക സർക്കാർ. 500 കോടി രൂപ ചിലവിൽ ബെംഗളൂരുവിലാണ് സമുച്ചയം വരുന്നത്.ഏകദേശം 250 മീറ്റർ ഉയരത്തിലാകും സമുച്ചയം നിർമ്മിക്കപ്പെടുക. ഡൽഹിയിലെ കുത്തബ് മിനാറിന്റെ മൂന്നിരട്ടി ഉയരത്തിലാണ് ബെംഗളൂരുവിലെ സ്‌കൈഡെക്ക് വരുന്നത്.
പദ്ധതി ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകുമെന്നും സന്ദർശകർക്ക് ഇന്ത്യയുടെ ടെക് തലസ്ഥാനത്തിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാനാകുമെന്നും കർണാടക നിയമമന്ത്രിയും പാർലമെൻ്ററി കാര്യ മന്ത്രിയുമായ എച്ച്.കെ. പാട്ടീൽ പറഞ്ഞു.ഔട്ടർ ബെംഗളൂരുവിലെ എൻ ഐ സി ഇ റോഡിൽ നിർമിക്കുന്ന സ്‌കൈഡെക്കിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കായി ലോകോത്തര സൗകര്യങ്ങളാണ് ഒരുക്കുന്നത്. ബെംഗളൂരു മെട്രോ റെയിലുമായും സ്‌കൈഡെക്കിനെ ബന്ധിപ്പിക്കാൻ പദ്ധതിയുണ്ട്. സ്‌കൈഡെക്കിനുള്ളിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
ആദ്യം ബെംഗളൂരുവിന്റെ മധ്യഭാഗത്താണ് സ്കൈഡെക്ക് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ നഗരത്തിന്റെ മദ്ധ്യഭാഗത്ത് 25 ഏക്കർ സ്ഥലം കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായിരുന്നു . പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും വിമാനത്താവളവുമെല്ലാം ഇതിന് സമീപത്തായി വരുന്ന സാഹചര്യവുമുണ്ടാകും. ഇതോടെയാണ് പദ്ധതി ഔട്ടർ ബെംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിക്കുന്നത്.