ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹൻലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വർഷങ്ങൾക്കുശേഷം. തിയറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തപ്പോൾ ട്രോളുകളിലും നിറഞ്ഞു. സിനിമയ്‌ക്ക് ഇത്രയധികം നെഗറ്റീവ് പ്രതികരണങ്ങൾ കിട്ടാൻ കാരണം ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവർ നടത്തിയ അഭിമുഖങ്ങൾ ആയിരുന്നു. ഇപ്പോഴിതാ, തന്റെ ഇന്റർവ്യൂ കണ്ട് സിനിമ കാണാൻ കയറിയവർ മണ്ടന്മാരാണെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ തമാശകൾ കേട്ട് സിനിമയ്‌ക്ക് കയറിയവർ ബുദ്ധിയില്ലാത്തവരാണെന്ന് താരം പറഞ്ഞത്.
“വർഷങ്ങൾക്കുശേഷം കഴിഞ്ഞപ്പോൾ ഇന്റർവ്യൂ കണ്ട് സിനിമയ്‌ക്ക് പോയ ഒരുപാട് പേരുണ്ട്. ആ ഇന്റർവ്യൂ കണ്ടപ്പോൾ ആൾക്കാർ വിചാരിച്ചു ഇന്റർവ്യൂവിൽ കണ്ട തമാശയൊക്കെ സിനിമയിൽ ഉണ്ടെന്ന്. അങ്ങനെ കുറെ മണ്ടന്മാർ പോയിട്ട് സിനിമയിൽ കോമഡി ഒന്നും ഇല്ലല്ലോ എന്നു പറഞ്ഞു. ഇന്റർവ്യൂവിലുണ്ടായിരുന്ന എനർജിയും വൈബുമൊന്നും ആ സിനിമയിൽ ഇല്ല. അത് വേറൊരു ടൈപ്പ് സിനിമയാണ്”.
“സിനിമ കണ്ടിട്ട് ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞത് തള്ള് ആണെന്ന് ചിലർ പറഞ്ഞു. ഇന്റർവ്യൂവിൽ ഞാൻ ബേസിലിനെ കളിയാക്കും ബേസിൽ എന്നെ കളിയാക്കും. അല്ലാതെ നമ്മൾ എവിടെയാണ് തള്ളിയത്. സിനിമയെക്കുറിച്ച് നമ്മൾ സംസാരിക്കുന്ന പോലുമില്ല. തമാശ പറഞ്ഞതല്ലാതെ നമ്മൾ പടത്തിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒ.ടി.ടിയിൽ വന്നപ്പോൾ കുറെ തെണ്ടികൾ പറയുകയാണ് അവന്റെ തള്ളും കേട്ട് പോയിട്ട് ഒന്നുമില്ലെന്ന്. എന്നിട്ട് എന്നെ തെറി”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.















