തിയേറ്ററുകൾ നിറയ്‌ക്കാൻ കരുത്തോടെ പെൺപടയുടെ വരവ്. മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങളാണ് ഇന്ന് റിലീസിനെത്തിയത്. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിൻ നായികയായ പാലും പഴവും എന്നീ ചിത്രങ്ങളാണ് ഇന്ന് ഒരുമിച്ചെത്തിയത്. മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന ത്രില്ലർ ചിത്രമാണ് ഹണ്ട്. ചിത്രത്തിന്റെ ആഖ്യാനവും കഥയും ഏറെ വേറിട്ടതെന്നാണ് അഭിപ്രായം. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിൽ സസ്പെൻസ് നിറക്കുന്ന നിരവധി രംഗങ്ങളുണ്ട്. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഖിൽ ആന്റണിയാണ്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന മേക്കിംഗാണ് ഫൂട്ടേജിനെ വേറിട്ട ചിത്രമാക്കുന്നതെന്നാണ് പ്രേക്ഷരുടെ പക്ഷം. വ്യത്യസ്ത അനുഭവം നൽകുന്ന ചിത്രം തിയേറ്ററിലെത്തി ആസ്വദിക്കണമെന്നാണ് ഭൂരിപക്ഷ ആവശ്യം.
മീര ജാസ്മിൻ നായികാ വേഷത്തിലെത്തിയ പാലു പഴവും പ്രേക്ഷകമനം കവർന്നുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഫാമിലി എന്റർടെയ്ൻമെന്റ് ചിത്രമാണെന്നും രസകരമായ സന്ദർഭങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നതെന്നും പ്രേക്ഷകർ പ്രതികരിച്ചു. ഒട്ടും ബോറടിപ്പിക്കാത്ത കോമഡി ചിത്രമാണ് പാലും പഴവുമെന്നാണ് പ്രേക്ഷകാഭിപ്രായം.
മൂന്ന് ചിത്രങ്ങളും ഒരുമിച്ചെത്തിയപ്പോൾ തിയേറ്ററുകളിൽ ഉത്സവ പ്രതീതിയാണുള്ളത്. മൂന്ന് താരങ്ങളിൽ ആരുടെ ചിത്രമാകും ബോക്സോഫീസിൽ കൂടുതൽ കളക്ഷൻ നേടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.