ന്യൂഡൽഹി: കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതക്കേസിന്റെ കോടതി നടപടികളിൽ നിന്നും കപിൽ സിബൽ പിന്മാറണമെന്ന് കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ പ്രതിനിധിയുമായ അധീർ രഞ്ജൻ ചൗധരി. മുൻ കോൺഗ്രസ് നേതാവ് കൂടിയായ കപിൽ സിബൽ കൊൽക്കത്ത കേസിൽ ബംഗാൾ സർക്കാരിനുവേണ്ടിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഈ കേസിൽ നിന്ന് പിന്മാറാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. ഇത് ബംഗാളിലെ ജനങ്ങളുടെ വികാരമാണ്. ബംഗാളിലെ സാധാരണക്കാരുടെ രോഷം കണക്കിലെടുത്ത് കുറ്റവാളികളെ സംരക്ഷിക്കാതിരിക്കുന്നതാണ് നല്ലത്,” അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ആളുകൾ കപിൽ സിബലിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധിക്കുന്നത് കാണുമ്പോൾ തനിക്ക് വിഷമം തോന്നുന്നുവെന്നും അദ്ദേഹം ഒരിക്കൽ കോൺഗ്രസ് പാർട്ടിയുടെ മന്ത്രി കൂടിയായിരുന്ന വ്യക്തിയാണെന്നും ചൗധരി പറഞ്ഞു. “പ്രത്യേകിച്ച് താങ്കൾ ഒരിക്കൽ ഞങ്ങളുടെ പാർട്ടിയിൽ മന്ത്രിയായിരുന്നു. ചെറിയ വകുപ്പുകൾ ഒന്നുമല്ല, കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്നു. ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ട് ഈ കേസിൽ നിന്ന് പിന്മാറണമെന്നാണ് എന്റെ അഭ്യർത്ഥന,” കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ നിലവിൽ കൊൽക്കത്ത കൊലപാതകക്കേസിലെ നടപടികളിൽ സുപ്രീം കോടതിയിൽ പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിക്കുന്ന 21 അംഗ സംഘത്തിന്റെ ഭാഗമാണ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്രൂരമായ കൊലപാതകത്തിനുശേഷവും വേണ്ടത്ര നടപടിയെടുക്കാത്തതിനും തുടർന്നുള്ള അന്വേഷണത്തിലെ പിഴവുകൾക്കും പശ്ചിമ ബംഗാൾ സർക്കാരിനെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.















